Monday 26 December 2011

വാഹനത്തിന്റെ ഇന്ധനം ലാഭിക്കാന്‍ ചില മാര്‍ഗങ്ങള്‍..

ഒരു വാഹനം വാങ്ങിക്കഴിഞ്ഞാല്‍ കമ്പനി അവകാശപ്പെടുന്ന മൈലേജ്‌ പലപ്പോഴും ലഭിക്കാറില്ലെന്ന്‌ പരാതി പറയുന്നവരാണ്‌ കൂടുതല്‍ ഉപഭോക്‌താക്കളും. എന്താണ്‌ ഇതിന്‌ കാരണം? കമ്പനി പറയുന്ന മൈലേജ്‌ ലഭിക്കണമെങ്കില്‍, വാഹനം ഓടുന്നത്‌ നല്ല റോഡിലൂടെയാകണം. വാഹനത്തിന്‌ ശ്രദ്ധയോടെയുള്ള പരിചരണവും ആവശ്യമാണ്‌. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്ധനം പാഴായി പോകുന്നത്‌ ഒഴിവാക്കാനാകും.

ഇന്ധനം ലാഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ പറയാം...

ക്‌ളച്ച്‌ അമിതമായി ഉപയോഗിക്കരുത്‌.........

ക്‌ളച്ച്‌ അമിതമായി ഉപയോഗിച്ച്‌ വണ്ടിയോടിക്കുന്നത്‌ ചിലരുടെ ശീലമാണ്‌. ട്രാന്‍സ്‌മിഷന്‍ പ്രവത്തനത്തെ തടഞ്ഞുകൊണ്ടു വാഹനം നിയന്ത്രിക്കപ്പെടുകയാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. ഇതുവഴി അമിതമായി ഇന്ധനം കത്തിപ്പോകുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഡ്രൈവ്‌ ചെയ്യുമ്പോള്‍ ആവശ്യമില്ലാതെ ക്‌ളച്ച്‌ ഉപയോഗിക്കരുത്‌.

അമിതവേഗം വേണ്ട...

വാഹനം ഒരു ശരാശരി വേഗതയില്‍ ഓടിക്കുന്നതാണ്‌ എപ്പോഴും നല്ലത്‌. അമിതവേഗത ഇന്ധനം പാഴാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. വേഗതയ്‌ക്കനുസരിച്ച്‌ എല്ലാ ഗിയറുകളും മാറി ശരാശരി വേഗത്തില്‍ ഡ്രൈവ്‌ ചെയ്യുന്നതാണ്‌ ഉത്തമം.

ട്രാഫിക്കില്‍ എന്‍ജിന്‍ ഓഫ്‌ ചെയ്യുക...

ട്രാഫിക്‌ സിഗ്‌നലിനായി ഒരുപാട്‌ നേരം കാത്തുകിടക്കുന്ന അവസരത്തില്‍ എന്‍ജിന്‍ ഓഫ്‌ ചെയ്യുക. പല സ്ഥലങ്ങളിലും ട്രാഫിക്‌ സിഗ്‌നലിനായി കൗണ്ട്‌ ഡൗണ്‍ ഉണ്ടാകും. ഇതു മനസിലാക്കി എന്‍ജിന്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. കൗണ്ട്‌ ഡൗണ്‍ അവസാനിക്കുമ്പോള്‍ എന്‍ജിന്‍ ഓണാക്കാം. ഇതുവഴി ഇന്ധനം ലാഭിക്കാനാകും.

ഗിയര്‍ മാറ്റുന്നത്‌ ശ്രദ്ധയോടെ...

ഗിയറാണ്‌ വാഹനത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നത്‌. വാഹനം ചലിയ്‌ക്കുന്നതിന്‌ അനുസരിച്ച്‌ ഗിയര്‍ മാറ്റണം. സമയാസമയം ഗിയര്‍ മാറ്റുന്നതിലൂടെ ഇന്ധനം ലാഭിക്കാനാകും. അതായത്‌, ഇപ്പോള്‍ പുറത്തിറങ്ങുന്ന ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ പെട്ടെന്ന്‌ ചലിപ്പിച്ച്‌ എല്ലാ ഗിയറുകളും മാറിയാല്‍ മാത്രമെ കമ്പനി അവകാശപ്പെടുന്ന മൈലേജ്‌ ലഭിക്കുകയുള്ളു. കുറഞ്ഞ ഗിയറുകളില്‍ കൂടുതല്‍ ദൂരം വാഹനം ഓടിക്കുന്നത്‌, ഇന്ധനം കത്തിക്കാന്‍ മാത്രമെ ഉപകരിക്കൂ...

മികച്ച ഡ്രൈവിംഗ്‌......

ചിലര്‍ വാഹനം ഓടിക്കുന്നത്‌ കണ്ടിട്ടില്ലേ? അനാവശ്യമായി വേഗം കുറച്ചും കൂട്ടിയുമൊക്കെ. ഇത്‌ വാഹനത്തിന്റെ യന്ത്രത്തകരാറിന്‌ ഇടയാക്കുകയും മൈലേജ്‌ കുറയ്‌ക്കുകയും ചെയ്യും. റോഡിന്റെ പരിതസ്ഥിയും ട്രാഫികും കണക്കിലെടുത്ത്‌, വേഗത ക്രമീകരിച്ച്‌ വേണം ഡ്രൈവ്‌ ചെയ്യേണ്ടത്‌. ഇതിലൂടെ ഇന്ധനം ലാഭിക്കാനുമാകും.

പെട്ടെന്നുള്ള ബ്രേക്കിംഗ്‌ വേണ്ട...

മുമ്പിലുള്ള വാഹനവുമായി ക്രമമായ അകലം പാലിക്കുക. അമിത വേഗത ഒഴിവാക്കുക. ഇതിലൂടെ സഡന്‍ ബ്രേക്കിംഗ്‌ ഒഴിവാക്കാം. വളരെ വേഗതയില്‍ പോകുന്ന വാഹനം പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ ഇന്ധനം വെറുതെ കത്തിപ്പോകും. എപ്പോഴും ശ്രദ്ധയോടെ വാഹനം ഡ്രൈവ്‌ ചെയ്‌താല്‍ പെട്ടെന്നുള്ള ബ്രേക്കിംഗ്‌ ഒഴിവാക്കാന്‍ സാധിക്കും.

No comments:

Post a Comment